തൃശ്ശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്. നവജാത ശിശുവിന്റെ വിരൽ പാതി മുറിഞ്ഞുപോയി. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
പന്നിത്തടം സ്വദേശികളായ ജിത്തു – ജിഷ്മ ദമ്പതികളുടെ അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ വലതുകയ്യിലെ തള്ളവിരലാണ് മുറിഞ്ഞത്. ഇക്കഴിഞ്ഞ 13ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിഷ്മ 16നാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ പുലർച്ചെ 5 മണിയോടെ കുഞ്ഞിന് ഇഞ്ചക്ഷൻ നൽകണം എന്ന് പറഞ്ഞ് നഴ്സുമാർ എൻ ഐ സിയുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് 7 മണിയായിട്ടും കുഞ്ഞിനെ തിരിച്ച് നൽകാതായതോടെ ജിഷ്മ എൻ ഐ സിയുവിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ വിരൽ നഖത്തിന് കീഴെ പൂർണ്ണമായും അറ്റുപോയ നിലയിൽ കണ്ടത്. പ്ലാസ്റ്റർ വെട്ടിയപ്പോൾ അറിയാതെ വിരൽ അറ്റുപോയി എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞത്.















