ഇസ്ലാമബാദ്: പാകിസ്താനിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേറാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സമാധാന സമിതി തലവൻ നൂർ ആലം മെഹ്സൂദിന്റെ വസതിയിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതിഥികൾ നൃത്തം ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പിന്നാലെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. അഞ്ച് പേർ തൽക്ഷണം മരിച്ചതായി ഖൈബർ പഖ്തുൻഖ്വ റെസ്ക്യൂ വക്താവ് ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ആയുധം വെച്ച് കീഴടങ്ങിയ ഭീകരനും ബന്ധുക്കളും ഉണ്ടായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, പ്രവിശ്യയിലെ സമാധാന സമിതി അംഗങ്ങൾക്ക് നേരെ മാസങ്ങൾക്ക് മുൻപും ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ബന്നു ജില്ലയിൽ സമാധാന സമിതി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.















