ന്യൂഡൽഹി: പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് ഭീകരതയുടെ പിടിയിലമർന്നിരുന്ന ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലും ഇത്തവണ ജനാധിപത്യത്തിന്റെ ആഘോഷം നടന്നു. രാജ്യം സ്വതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ദേശീയ ദിനങ്ങൾ ആഘോഷിക്കാൻ കഴിയാത്ത ബിജാപൂർ, നാരായൺപൂർ, സുക്മ ജില്ലകളിലെ 47 ഗ്രാമങ്ങളാണ് ആദ്യമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ചുവപ്പ് ഭീകരതയുടെ അടിവേരറുക്കാൻ ശക്തമായ ഓപ്പറേഷനുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തിവന്നത്. ഒപ്പം വികസന പ്രവർത്തനങ്ങളും വലിയ തോതിൽ നടത്തി. പിന്നാലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ 59 പുതിയ സുരക്ഷാ ക്യാമ്പുകളും സ്ഥാപിച്ചു. ഇതോടെ പ്രാദേശിക സമൂഹങ്ങൾ സർക്കാരുകളെ വിശ്വാസത്തിലെടുക്കാൻ തുടങ്ങി. ഒരുകാലത്ത് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന സുക്മയിൽ സിആർപിഎഫിന്റെ 74-ാമത് ബറ്റാലിയൻ ക്യാമ്പ് സ്ഥാപിച്ചരുന്നു.
കഴിഞ്ഞ വർഷം 53 ഗ്രാമങ്ങളിലാണ് ആദ്യമായി റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നത്. ഈ വർഷം 47 ഗ്രാമങ്ങളിൽ കൂടി ആദ്യമായി ത്രിവർണ്ണ പതാക ഉയർന്നു. ഒരുകാലത്ത് ദേശീയ ആഘോഷങ്ങളിൽ പങ്കെടുത്താൽ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. എന്നാൽ അതേ പ്രദേശങ്ങളിൽ ഇന്ന് ഗ്രാമീണർ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാൻ സ്വമേധയാ മുന്നോട്ടുവരികയാണ്.
“2026 ജനുവരി 26 ന് ഈ 47 ഗ്രാമങ്ങളിൽ ഉയർന്നുപൊങ്ങിയ ത്രിവർണ്ണ പതാക സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ബസ്തറിന്റെ പുതിയ തുടക്കത്തിന്റെയും ശക്തമായ പ്രതീകമായി നിലകൊള്ളുന്നു” എന്ന് മുഖ്യമന്ത്രി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് കൂട്ടിച്ചേർത്തു.















