അമരാവതി: തിരുപ്പതി ലഡ്ഡു കുംഭകോണ കേസിൽ സിബിഐ പ്രത്യേക സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് 250 കോടി രൂപയുടെ കുംഭകോണമാണ് ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുവുമായി ബന്ധപ്പെട്ട് നടന്നതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്.
മൂന്നുവര്‍ഷത്തിനിടെ 68 ലക്ഷം കിലോ വ്യാജ നെയ്യാണ് വാങ്ങിക്കൂട്ടിയത്. നെല്ലൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 36 പ്രതികളാണ് കേസിലാകെ ഉള്ളത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയാണ് ഒന്നാം പ്രതി.
കേസിലെ പരാതിക്കാരനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം ജനറല്‍ മാനേജര്‍ പി കെ മുരളീകൃഷ്ണയും പ്രതിപ്പട്ടികയിലുണ്ട്. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.















