മലപ്പുറം: കേന്ദ്രസർക്കാരിന്റെ അതിവേഗ റെയിൽവേ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം തുടങ്ങി. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മുന്നോട്ട് പോകുന്നത് എന്ന് മെട്രോമാൻ ഇ ശ്രീധരൻ വ്യക്തമാക്കി.
നിലവിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ട കാര്യമില്ല. നാട്ടുകാർക്ക് ഉപദ്രവമില്ലാതെയായിരിക്കും എന്തും ചെയ്യുന്നത്. എല്ലാ എതിർപ്പുകളും ഇല്ലാതാവും. ഏറ്റടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയർന്ന വില നൽകാനാവും. എന്റെ സ്ഥലം എടുക്കൂ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും. സ്ഥലത്ത് നേരിട്ടെത്തി സർവേ നടത്തും അതിനു മുമ്പ് ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും തീർക്കും. മഞ്ഞകുറ്റികൾ തത്‌കാലം ഇടില്ല. ഭൂമി ഏറ്റെടുക്കലിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കും. 20 മീറ്റർ വീതിയാണ് വേണ്ടത്.
ഏപ്രിലോടെ ഫീൽഡ് വർക്ക് ആരംഭിച്ച് ജൂൺ ഒന്നോടെ പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ഏജൻസിയെയും തീരുമാനിക്കും. ഏതൊക്കെ സ്റ്റേഷനാണ് വേണ്ടതെന്ന് തീർച്ചയാക്കിക്കഴിഞ്ഞു. അത് എലിവേറ്റഡ് ആണോ അണ്ടർഗ്രൗണ്ട് ആണോ എന്നത് നിശ്ചയിക്കും. സ്റ്റേഷൻ ടു സ്റ്റേഷൻ പ്ളാനുണ്ടാക്കും. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഫെബ്രുവരി 15 മുതൽ യോഗങ്ങൾ ആരംഭിക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു.















