തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകവുമായി ബന്ധമുള്ള സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ ഏകപ്രതിയായ അഫാന്റെ പിതാവ് അബ്ദുൽ റഹ്മാനാണ് ഹർജി നൽകിയത്. വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നാണ് ആവശ്യം.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. അനുജൻ അഹ്സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മാ ബീവി എന്നിവരെ അഫാന്‍ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
പിതാവ് വിദേശത്ത് കുടുങ്ങിയപ്പോള്‍ അഫാനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിനു 48 ലക്ഷം രൂപയോളം കടംപെരുകി. ഇതില്‍ വഴക്കുപറഞ്ഞതിന്റെയും കടംവീട്ടാന്‍ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. യുവാവിന്റെ ആക്രമണത്തിൽ അമ്മയ്‌ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.















