കൊച്ചി: ട്രെയിനുകളിലോ റെയില്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അവരെ റെയില്‍വേ പരിധിയില്‍നിന്ന് പുറത്താക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. 1989ലെ റെയില്‍വേ ആക്ടിലെ 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. വകുപ്പിന്റെ പ്രവര്‍ത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് തള്ളി. അതേസമയം, റെയില്‍വേ ഉദ്യോഗസ്ഥര്‍ ഈ അധികാരം ദുരുപയോഗം ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ.എന്‍. ശാസ്ത്രിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമത്തില്‍ ‘ലഹരി അവസ്ഥ’ എന്നതിന് കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ലെന്നും, ഇത് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരെ അനാവശ്യമായി നടപടിക്ക് വിധേയരാക്കാനുള്ള അധികാരം നല്‍കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ചെറിയ അളവില്‍ മദ്യം കഴിച്ചവരെപ്പോലും ലഹരിയിലാണെന്ന് വിലയിരുത്തി ട്രെയിനില്‍നിന്ന് പുറത്താക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14), അഭിപ്രായ സ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 19), ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) എന്നിവയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
എന്നാല്‍ മദ്യപിച്ച് ലഹരിയിലായ ഒരാളെ ട്രെയിനില്‍നിന്ന് പുറത്താക്കുന്നതിനുള്ള ആദ്യഘട്ടത്തില്‍ തന്നെ രക്തപരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രക്തപരിശോധനയുടെ ഫലം ലഭിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നതിനാല്‍, ബ്രീത്ത് അനലൈസര്‍ പരിശോധനയോ വ്യക്തമായ ശാരീരിക ലക്ഷണങ്ങളോ അടിസ്ഥാനമാക്കി പ്രാഥമിക നടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ആവശ്യമെങ്കില്‍ പിന്നീട് ഡോക്ടറുടെ സേവനം തേടി കൂടുതല്‍ പരിശോധന നടത്താമെന്നും കോടതി നിര്‍ദേശിച്ചു. റെയില്‍വേ യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനുള്ള അധികാരം നിലനില്‍ക്കുമ്പോഴും അത് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യം കോടതിയുടെ ഇടപെടലിന് വിധേയമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.















