കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് ഒരു രൂപ പോലും ചെലവില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം പൊളിയുന്നു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട്. ബോർഡിന്റെ ഫണ്ടിൽ നിന്നും കൊടുത്ത രണ്ട് കോടി രൂപ തിരികെ നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് സ്‌പെഷല്‍ കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
സ്പോണ്‍സർഷിപ്പിലൂടെയാണ് പരിപാടി നടത്തുന്നതെന്നായിരുന്നു ദേവസ്വം മന്ത്രി എൻ. വാസവനും ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി. എസ് പ്രശാന്തും അന്ന് പറഞ്ഞിരുന്നത്. കൂടാതെ ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലും ഇതേ കാര്യമാണ് ആവർത്തിച്ചത്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ലെന്ന് കോടതിയുടെ നിര്‍ദേശവുമുണ്ടായിരുന്നു.
ഏകദേശം എട്ടു കോടി രൂപയാണ് പരിപാടിക്ക് ചെലവാക്കിയത്. ദേവസ്വം ബോർഡിന്‍റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്. ഈ പണം സ്പോൺസർഷിപ്പ് തുക ലഭിച്ചാൽ തിരികെ നൽകാമെന്നാണ് കണക്കൂട്ടിയിരുന്നത്. എന്നാൽ ഇത് നടന്നില്ല. അയ്യപ്പസംഗമത്തിന്റെ കരാർ ഊരാളുങ്കൾ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയത് ടെൻഡറില്ലാതെയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.















