പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് എന്ന് പരാതി. മെഡിക്കൽ കോളജിൽ ചികിത്സ തേടിയ 14 കാരന്റെ കൈവളഞ്ഞു പോയി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിന്റെ കൈയാണ് ചികിത്സയ്‌ക്ക് ശേഷം വളഞ്ഞു പോയത്.
നവംബറിൽ തൻസീറിനറെ കൈ ഒടിഞ്ഞിരുന്നു. പിന്നാലെ കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഓർത്തോ മേധാവിയുടെ നേതൃത്വത്തിൽ കയ്യിൽ ശസ്ത്രക്രിയ നടത്തുകയും പ്ലാസ്റ്റർ ഇട്ടുകയും ചെയ്തു. ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. കൈയ്‌ക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു എന്നും കുടുംബം ആരോപിക്കുന്നു. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മെഡിക്കൽ കോളജ് സൂപ്രണ്ട് രംഗത്തെത്തി. ചികിത്സാ പിഴവ് അല്ലെന്നും. കുട്ടികളുടെ ചില കേസുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ടെന്നുമാണ് സുപ്രണ്ടിന്റെ വാദം.















