തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. താലപ്പൊലി നേര്‍ച്ചക്കാര്‍ ഉച്ചയ്‌ക്ക് 1.30 മുമ്പായി ദേവി ദര്‍ശനം പൂര്‍ത്തിയാക്കണം. തിരക്ക് നിയന്ത്രിക്കാന്‍ താലപ്പൊലി കുട്ടികളുടെ കൂടെ രണ്ട് പേര്‍ മാത്രം ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കണം. 3.10നാണ് നട അടയ്‌ക്കുന്നതെങ്കിലും അതിന് മുമ്പ് വിവിധ ചടങ്ങുകള്‍ നടത്തേണ്ടതായിട്ടുണ്ട്. അതിനാല്‍ 1.30 മണിവരെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തേണ്ടി വരും.
തുടര്‍ന്ന് 7 മണിക്ക് നട തുറക്കുമ്പോള്‍ ചൂരല്‍കുത്ത് ചടങ്ങ് നടക്കുന്ന സമയത്തും ദര്‍ശന നിയന്ത്രണമുണ്ടാകും. ചുരുക്കത്തില്‍ ഉച്ചയ്‌ക്ക് ഒന്നര മണിക്ക് ശേഷം ദര്‍ശനസമയം വളരെ കുറച്ചു മാത്രമേ ഉണ്ടായിരിക്കൂ എന്നതിനാല്‍ ഭക്തര്‍ ഉച്ചയ്‌ക്ക് 1.30 മുമ്പായി ക്ഷേത്ര ദര്‍ശനം നടത്താന്‍ ശ്രമിക്കണം.
പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത് 132 പേരടങ്ങുന്ന കമ്മറ്റിയാണ്. കൂടാതെ അക്കോമഡേഷന്‍, കുത്തിയോട്ടം, മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍, മെസ്സ്, പ്രസാദ ഊട്ട്, പ്രൊസഷന്‍ ആന്റ് താലപ്പൊലി, പ്രോഗ്രാം, റിസപ്ഷന്‍, വോളന്റിയേഴ്‌സ് തുടങ്ങിയ കമ്മറ്റികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.















