തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഇനി ഒരു ദിവസം മാത്രം. അനന്തപുരിയിൽ അടുപ്പുകൾ നിരന്നു കഴിഞ്ഞു. സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ലോകത്തിൽ തന്നെ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാൽ പൊങ്കാലയ്‌ക്കുണ്ട്.
പൊങ്കാലയിട്ടാൽ വരാനിരിക്കുന്ന ആപത്തുകൾ ഇല്ലാതാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുമെന്നുമാണ് വിശ്വാസം. പൊങ്കാലയോടൊപ്പം തന്നെ ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കുന്ന ഒന്നാണ് മണ്ടപ്പുറ്റ്. രോഗങ്ങൾ മാറാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ഉപയോഗിക്കുന്നു.
തലവേദന പോലുള്ള ശിരസ്സുമായി ബന്ധപ്പെട്ട രോഗങ്ങൾ മാറുന്നതിന് വേണ്ടിയാണ് മണ്ടപ്പുറ്റ് ദേവിയ്‌ക്ക് നിവേദിക്കുന്നത്. തലയുടെ രൂപത്തിൽ കൈകൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കും. ശേഷം അതിനെ നന്നായിട്ട് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് ഈ മണ്ടപ്പുറ്റ് തയ്യാറാക്കുന്നതെന്ന് അറിയാം….
മണ്ടപ്പുറ്റ് തയ്യാറാക്കുന്ന വിധം :-
വറുത്ത ചെറുപയർ പൊടിച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത്.അതിനായി ആദ്യം വറുത്ത ചെറുപയർ നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കര, ഏലയ്‌ക്ക, നെയ്യ്, മുന്തിരി, നെയ്യിൽ വറുത്തെടുത്ത കൊട്ട തേങ്ങ, കൽക്കണ്ടം, ചിരകിയ തേങ്ങ എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കി (തലയുടെ രൂപത്തിൽ)എടുക്കുക. ഒരു വശം രണ്ട് കുത്തിടണം.എന്ന ആവിയിൽ വേവിച്ചെടുക്കുക. ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കാനുള്ള മണ്ടപ്പുറ്റ് തയ്യാർ…!















