തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ട ബാലന്മാർക്ക് മതിയായ സൗകര്യമൊരുക്കുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടികളെ സൗകര്യങ്ങൾ ഇല്ലാത്ത സ്കൂളിൽ പാർപ്പിച്ചെന്നാണ് ആരോപണം. ഇന്നലെ മണക്കാട് ക്ഷേത്രത്തിലേക്ക് അകമ്പടി പോയ കുത്തിയോട്ട ബാലന്മാർക്കാണ് സൗകര്യങ്ങൾ ഒരുക്കാഞ്ഞത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മണക്കാട് ക്ഷേത്രത്തിലേക്ക് ബാലൻമാർ അകമ്പടി സേവിച്ചത്. ശേഷം ഇവർക്ക് വിശ്രമിക്കാൻ യുപി ഫോർട്ട് സ്കൂളിലാണ് സൗകര്യം ഒരുക്കിയത്. എന്നാൽ ഇവിടെ കുട്ടികൾക്ക് താമസിക്കാൻ മതിയായ സൗകര്യങ്ങളോ ഭക്ഷണമേ വെള്ളമോ ക്ഷേത്ര ഭാരവാഹികൾ എത്തിച്ച് നൽകിയില്ലെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് കുത്തിയോട്ടം. പൊങ്കാലയ്‌ക്ക് ഏഴ് ദിവസം മുൻപാണ് വ്രതം ആരംഭിക്കുക. വ്രതകാലമത്രയും കുട്ടികൾ ക്ഷേത്രത്തിലാണ് താമസിക്കുന്നത്. 580 ലധികം കുട്ടികളാണ് ഇത്തവണ കുത്തിയോട്ട ബാലൻമാരായത്. 12,500 രൂപയാണ് ഈ വഴിപാടിനായി ക്ഷേത്രം ഈടാക്കുന്നത്.















