ന്യൂഡൽഹി: അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നവീകരണത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായാണ് സ്റ്റേഷന്റെ നവീകരണം പൂർത്തിയാക്കിയത്. ഒന്നാംഘട്ടത്തിൽ 11 കോടിയോളം രൂപയുടെ വികസനമാണ് നടത്തിയത്. പ്രധാന കെട്ടിടത്തിന്റെ നവീകരണവും മുൻഭാഗത്തെ വിശാലമായ വാഹന പാർക്കിങ് സൗകര്യവും ഇതിൽ ഉൾപ്പെട്ടതാണ്. ഇതിനുപുറമെ ശീതീകരിച്ച വിശ്രമമുറികൾ, ഡിജിറ്റൽ മുന്നറിയിപ്പ് ബോർഡുകൾ, യാത്രക്കാർക്കായി ലിഫ്റ്റ് സംവിധാനം എന്നിവയും പൂർത്തിയാക്കി. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്ന് പുതിയ പാർക്കിങ് സ്ഥലം നിർമിച്ചത്. 2. 5 കോടിയാണ് ഇതിനായി വിനിയോഗിച്ചത്.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കേരളത്തിലെ ഏഴ് സ്റ്റേഷനുകളാണ് അടിമുടി മാറിയത്. കുറ്റിപ്പുറത്തിന് പുറമേ ചാലക്കുടി, ചങ്ങനാശേരി, ചിറയിൻകീഴ്, ഷൊർണ്ണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനുകളിലെയും നവീകരണം പൂർത്തിയായി.















