ന്യൂകാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ)യുടെയും സംയുക്താഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ എട്ടാം തീയതി ഞായറാഴ്ച രാവിലെ മുതല്‍ ന്യൂ കാസില്‍ സേജ് ഹില്‍ കമ്മ്യൂണിറ്റി ഹാളിലായിരുന്നു പൊങ്കാല മഹോത്സവം നടന്നത്.
മാവേലിക്കര കണ്ടിയൂര്‍ നീലമന ഇല്ലം രാഹുല്‍ ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്തില്‍ തികച്ചും ഭക്തിസാന്ദ്രമായി സംഘടിപ്പിക്കപ്പെട്ട ഈ പൊങ്കാല മഹോത്സവത്തില്‍ മുപ്പതിലധികം പൊങ്കാല സമര്‍പ്പണം നടക്കുകയും നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി.

രാവിലെ 10 മണിക്ക് അനില്‍ ശിവാനന്ദന്‍, സോമന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് കൊടി ഉയര്‍ത്തിയതോടുകൂടി പൊങ്കാല മഹോത്സവത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് പൊങ്കാല സമര്‍പ്പണം 11.30 ഓടുകൂടി പണ്ടാര അടുപ്പില്‍ നിന്നും പകര്‍ന്ന ദീപം എല്ലാ പൊങ്കാല അടുപ്പിലേക്കും പകരുകയുണ്ടായി. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളും പാലിച്ചു കൊണ്ടും, നാമജപ ഘോഷാന്തരീക്ഷത്തിലും, ദേവീചൈതന്യത്തിലും ആണ് ഈ പൊങ്കാല സമര്‍പ്പണം സംഘടിപ്പിക്കപ്പെട്ടത്.
പൊങ്കാല മഹോത്സവം വിജയിപ്പിക്കുവാന്‍ അകമഴിഞ്ഞു സഹായസഹകരണങ്ങള്‍ നല്‍കിയവരെയും, പൊങ്കാല അര്‍പ്പിച്ച ഭക്ത ജനങ്ങളെയും, പങ്കെടുത്തവരെയും, പൊങ്കാല അര്‍പ്പിക്കുവാന്‍ താല്‍പര്യപ്പെടുകയും എന്നാല്‍ പല കാരണങ്ങളാല്‍ വരാന്‍ കഴിയാതിരുന്നവരെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) യുടെയും ന്യൂ ക്ലാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും കടപ്പാടും സ്‌നേഹവും അറിയിച്ചു















