ചെന്നൈ: വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ 29-കാരിയായ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ഞായറാഴ്ച രാത്രി യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയാണ് ഭർത്താവ് ഈ ക്രൂരകൃത്യം നടത്തിയത്.
കുണ്ട്രത്തൂരിന് സമീപം ചായക്കടയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി (31) ആണ് പിടിയിലായത്. ദമ്പതികൾ ആറ് വർഷം മുൻപാണ് വിവാഹിതരായത്. മുഹമ്മദ് അലിയുടെ മദ്യപാനത്തെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്ന് യുവതി പല്ലാവരത്തുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. ഇവർക്ക് ഒരു മകളുണ്ട്.
മകളെ കാണാനെന്ന വ്യാജേന അലി യുവതിയുടെ വീട്ടിലെത്തിയ ശേഷം ശുചിമുറി വൃത്തിയാക്കുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. കണ്ണുകൾക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ഉടനെതന്നെ അടുത്തുള്ള ആശുപത്രിയിലെത്തി.
സംഭവത്തിന് ശേഷം യുവതി പല്ലാവരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് അലിയെ അറസ്റ്റ് ചെയ്തു.















