തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശുപാർശ. കുഞ്ഞിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമായതിനാൽ മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തുന്നത് . അശാസ്ത്രീയമായ അക്യൂപങ്ചർ രീതിയിൽ വീട്ടിലായിരുന്നു മുഹ്സീന പ്രസവിച്ചത്. ഇവരുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്.
തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് മുഹ്സിന അക്യൂപങ്ചർ രീതിയിൽ വീട്ടിൽ പ്രസവിച്ചത്. ആറു ദിവസത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. എന്നാൽ അസ്വാഭാവിക മരണമായിട്ട് കൂടി പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല. കൂടാതെ കുഞ്ഞിന് കുത്തിവെപ്പും എടുത്തിരുന്നില്ല.
അതേസമയം, മുഹ്സിന മരണകാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മ ആണെന്ന് സ്ഥിരീകരിച്ചു. ഗർഭപാത്രം അടക്കം എല്ലാ ആന്തരിക ഭാഗങ്ങളിലും അണുബാധയുണ്ടെന്ന് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലാണ്.
മുഹ്സീനയ്‌ക്ക് അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതിയാണ് എന്നാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മുഹ്സീനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിലാണ്.















