ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുൾപ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും എൽ.എൻ.ജി ഇറക്കുമതിയുടെ 54 ശതമാനത്തിലധികവും ഈ കടൽപ്പാത വഴിയാണ് നടക്കുന്നത്. ഇറാന്റെ പുതിയ തീരുമാനം ഇന്ത്യയിലെ പാചകവാതക, പെട്രോൾ പ്രതിസന്ധിക്ക് ആശ്വാസം പകരും.
ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, പാകിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കാണ് ഇറാൻ യാത്രാ അനുമതി നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളുടെ ചരക്ക് കപ്പലുകൾക്കും ഇന്ധന ടാങ്കറുകൾക്കും ഇറാന്റെ സൈനിക സുരക്ഷയോടെ കടലിടുക്ക് മുറിച്ചുകടക്കാം.
അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് പാത അടച്ചിട്ടിരിക്കുകയാണ്. ശത്രുരാജ്യങ്ങളെ സഹായിക്കുന്ന കപ്പലുകളെയും അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.















