ലക്നൗ: വികസിത ഉത്തർപ്രദേശിന്റെ പ്രതീകമാണ് നോയിഡ വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡബിൾ എഞ്ചിൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തെളിവാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ. ഉത്തരഭാരതത്തെ ലോകവുമായി ബന്ധിപ്പിക്കുന്നത് ഉത്തർപ്രദേശാണെന്നും പഴയ സർക്കാരുകൾ നോയിഡയെ കൊള്ളയടിക്കാനുള്ള എടിഎം ആക്കി മാറ്റിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. നോയിഡയിലെ പുതിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ ഉള്ള രാജ്യമാണ് ഭാരതം. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് 2003ൽ തയ്യാറാക്കിയതാണ് ഈ പദ്ധതി. പക്ഷേ വിമാനത്താവള നിർമ്മാണം നടന്നില്ല. കേന്ദ്രത്തിലെ മുൻ കോൺഗ്രസ് സർക്കാരും യുപിയിലെ മുൻ സർക്കാരുകളും ഇതിന് അനുമതി നൽകിയില്ല. 2004 -2014 വരെ എയർപോർട്ട് ഫയലിൽ ഉറങ്ങി. സമാജ് വാദി പാർട്ടി ഭരണത്തിൽ ഇരുന്ന രണ്ടുവർഷം വിമാനത്താവള നിർമാണത്തിനായി ഒന്നും ചെയ്തില്ല. സംസ്ഥാനത്തിലും കേന്ദ്രത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതികൾ ഊർജിതമായി.
പദ്ധതിയുമായി ബന്ധപ്പെട്ട് അഭിമാനിക്കാൻ രണ്ടു കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിനറെ കല്ലിടൽ നടത്താനും ഉദ്ഘാടനം ചെയ്യാനും എനിക്ക് അവസരം നൽകി. ആഗ്ര, മധുര, അലിഗഡ്, ഗാസിയാബാദ്, മീററ്റ് എന്നീ നഗരങ്ങൾക്ക് വിമാനത്താവളം വൻ നേട്ടമാകും. പടിഞ്ഞാറൻ യുപിയിലെ കർഷകർക്കും നിരവധി അവസരങ്ങൾ ഇത് തുറന്നു നൽകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകർക്ക് പ്രധാനമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.
പശ്ചമേഷ്യൻ സംഘർഷം തുടരുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. പശ്ചിമേഷ്യയിൽ ഒരു മാസമായി യുദ്ധം തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ക്ഷാമം വിവിധ രാജ്യങ്ങൾ നേരിടുന്നു. ഭാരതം ഈ വിഷയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയാണ്. ഭാരതത്തിന് വലിയ അളവിൽ ക്രൂഡ് ഓയിലും ഗ്യാസും ഈ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. കർഷകർക്കും സാധാരണക്കാർക്കും ഈ പ്രശ്നത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഭാരതം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















