ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷത്തേക്കുള്ള 9 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ പുതുക്കിയ പാഠ്യപദ്ധതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഇന്ന് പുറത്തിറക്കും. ഉച്ചയ്‌ക്ക് 3 മണിയോടെയാണ് പാഠ്യപദ്ധതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാനമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരം.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദ്ദേശിച്ച രീതിയിലുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസില്‍ നടപ്പിലാക്കി തുടങ്ങും. ഇതിന്റെ ഭാഗമായി 9, 10 ക്ലാസുകളിലെ പുതുക്കിയ പാഠ്യപദ്ധതിയാണ് ഇന്ന് പുറത്തിറക്കുന്നത്. കേവലം മനഃപാഠമാക്കുന്ന രീതിക്ക് പകരം കുട്ടികളുടെ പ്രായോഗിക നൈപുണ്യ വികസനം , അനുഭവങ്ങളിലൂടെയുള്ള പഠനം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിയാണ് പുതിയ പാഠ്യപദ്ധതി പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാറ്റങ്ങളെക്കുറിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തമായ ധാരണ നല്‍കുന്നതിനായി ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് സി.ബി.എസ്.ഇ പ്രത്യേക വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. സി.ബി.എസ്.ഇയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം ഈ സെഷനില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്.
പുതിയ പാഠ്യപദ്ധതി സി.ബി.എസ്.ഇയുടെ അക്കാദമിക് പോര്‍ട്ടലില്‍ ലഭ്യമാകും. സ്‌കൂളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യണം. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അനുകൂല നിലപാട് ഉണ്ടായിരിക്കും. കൂടാതെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരീക്ഷകളില്‍ വിജയിക്കുന്നതിനപ്പുറം സമഗ്ര മാറ്റം ഉറപ്പാക്കുന്നതിലേക്ക് വ്യാപിക്കും. എല്ലാ സ്‌കൂളുകളും പുതുക്കിയ സിലബസും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ബോര്‍ഡ് വ്യക്തമാക്കി. പാഠ്യപദ്ധതിയിലെ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ബോധവാന്മാരാക്കാന്‍ പ്രത്യേക പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ സ്‌കൂള്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനവും പഠനത്തില്‍ കൂടുതല്‍ വഴക്കവും ഉറപ്പാക്കുന്ന രീതിയിലാണ് എന്‍.സി.എഫ്-2023 വിഭാവനം ചെയ്തിരിക്കുന്നതെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
അതേസമയം, 3 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച പുതിയ എഐ പാഠ്യപദ്ധതി അവതരിപ്പിച്ചു. കൃത്രിമബുദ്ധി, കമ്പ്യൂട്ടേഷണല്‍ ചിന്ത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പാഠ്യപദ്ധതി, മനഃപാഠ പഠനത്തെ വിമര്‍ശനാത്മക ചിന്തയിലേക്ക് മാറ്റാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രാലയം പറഞ്ഞു. 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധിതമായ ഈ പരിപാടി അടുത്ത വര്‍ഷം 9, 10 ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.















