വാളയാർ : അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസിലെ ആറാം പ്രതിയായ കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി ഈ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് വിനോദിന്റെ മരണം.
അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ഒരു മാസം മുൻപ് ഹൈക്കോടതി മറ്റു 8 പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റി.
കൊല്ലപ്പെട്ട രംനാരായൺ ഭാഗേലിന്റെ ഭാര്യയെ അന്ന് ഹാജരാക്കാനും മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതിയിൽ ഹാജരായ 8 പ്രതികളെയും കോടതി വീണ്ടും റിമാൻഡ് ചെയ്തിരുന്നു.
ഇരയുടെ ബന്ധുക്കൾക്കു പറയാനുള്ളതു കേൾക്കാതെയാണു വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ആകെ 9 പ്രതികളുണ്ട്.
കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താന്‍ ഒന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായാണന്‍ പറഞ്ഞെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ‘നീ ബംഗ്ലാദേശി ആണോടാ’ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.















