മലപ്പുറം: ചുങ്കത്തറയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14 കാരനെയും കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ കുടുങ്ങിയ പ്രദേശവാസിയെയും അഗ്നിരക്ഷാസേന പുറത്തെടുത്തു. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി അദിനാനാണ് അപകടത്തിൽപ്പെട്ടത്.
കളിക്കിടെ ഗ്രൗണ്ടിന് പുറത്തേക്ക് പോയ പന്തെടുക്കാൻ ഓടുന്നതിനിടെയാണ് നിർമ്മാണത്തിലിരിക്കുന്ന 40 അടിയിലധികം ആഴമുള്ള കിണറ്റിലേക്ക് അദിനാൻ അബദ്ധത്തിൽ വീണത്. ഇതുകണ്ട് രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാട്ടുകാരനും തിരികെ കയറാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആഴം കൂടുതലായതിനാൽ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഇരുവരേയും അതിസാഹസികമായി പുറത്തെത്തിച്ചത്.
വല ഉപയോഗിച്ച് ആദ്യം കുട്ടിയേയും തുടർന്ന് രക്ഷിക്കാനിറങ്ങിയ ആളെയും കരക്കുകയറ്റി. കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ നിലമ്പൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.















