നെടുമങ്ങാട്: ചുള്ളിമാനൂരിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണം മോഷ്ടാക്കൾ അപഹരിച്ചത്. വീട്ടുകാർ വിനോദയാത്രയ്‌ക്കായി ഊട്ടിയിൽ പോയിരുന്ന തക്കം നോക്കിയായിരുന്നു മോഷണം. വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. ബെഡ്‌റൂമിലെ അലമാരകൾ കുത്തിത്തുറന്നനിലയിലായിരുന്നു. തങ്ങളുടെ ദൃശ്യങ്ങൾ പതിയാതിരിക്കാൻ വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ തകർത്തിട്ടുണ്ട്.
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടതെന്നുെം അകത്തു കയറി പരിശോധിച്ചപ്പോൾ സ്വർണ്ണം നഷ്ടപ്പെട്ട വിവരം തിരിച്ചറിയുകയായിരുന്നുവെന്നും വീട്ടുക്കാർ പോലീസിൽ മൊഴി നൽകി. സംഭവത്തിൽ അനസ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.















