ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്ന നാരീശക്തി വന്ദന്‍ അധിനിയം നടപ്പിലാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ സുപ്രധാന വാഗ്ദാനം പാലിച്ചിരിക്കുകയാണ്. 2023-ല്‍ പാര്‍ലമെന്റ് ഐകകണ്‌ഠേനയെന്നോണം പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. നിയമത്തിലെ സെക്ഷന്‍ 1(2) അനുസരിച്ച്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന തീയതിയില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന വ്യവസ്ഥയനുസരിച്ചാണ് ഇപ്പോള്‍ വിജ്ഞാപനം വന്നിരിക്കുന്നത്. ഇതോടെ വനിതാ സംവരണം എന്ന ദശകങ്ങള്‍ നീണ്ട സ്വപ്‌നം നിയമപരമായ യാഥാര്‍ത്ഥ്യമായി മാറി.
നിയമം നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന കൃത്യതയാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്. വരാനിരിക്കുന്ന അടുത്ത സെന്‍സസിന് ശേഷമുള്ള മണ്ഡല പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതോടെ സംവരണം പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാകും. ഇതിനായുള്ള അടിസ്ഥാനപരമായ നിയമസാധുത ഉറപ്പുവരുത്തുകയാണ് ഈ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നതിനെ സ്വാഗതം ചെയ്യുന്നതിന് പകരം, ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത് കൗതുകകരമാണ്. നിയമഭേദഗതി ബില്ലിന്മേല്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, ബില്ലിനെ പരാജയപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണ്ടിവരുന്ന ഘട്ടത്തില്‍ ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത് സ്ത്രീശാക്തീകരണത്തോടുള്ള അവരുടെ സമീപനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ലോക്‌സഭയില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്, സ്ത്രീകളുടെ രാഷ്‌ട്രീയ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള ആര്‍ജ്ജവമാണ് കാണിക്കുന്നത്. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യത്തെ നിയമനിര്‍മ്മാണ സഭകളില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമായാണ് ഈ വിജ്ഞാപനം വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തോടെ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ളതാകുമെന്നത് ഉറപ്പാണ്.















