ബംഗളൂരു: വിഷു ദിനത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാരത്തിന്റെ ചിത്രം ഉൾപ്പെടുത്തി പരസ്യം നൽകിയ ബംഗളൂരുവിലെ റെസ്റ്റോറന്റിനെതിരെ പ്രതിഷേധം. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ കൊണപ്പന അഗ്രഹാരയിൽ പ്രവർത്തിക്കുന്ന ‘നടവി മന്തി’ എന്ന റെസ്റ്റോറന്റാണ് പോസ്റ്റർ പങ്കുവെച്ചത്.
ശ്രീകൃഷ്ണന്റെ ബാലരൂപം ഒരു മേശയ്‌ക്ക് പിന്നിൽ നിൽക്കുന്നതും, മുന്നിൽ വലിയ പാത്രത്തിൽ ചിക്കൻ വിഭവങ്ങളും മന്തിയും വിളമ്പിയിരിക്കുന്നതുമാണ് പോസ്റ്ററിലുള്ളത്. ഇതിന് മുകളിലായി മലയാളത്തിൽ ‘ഹാപ്പി വിഷു’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പ്രചരിപ്പിച്ചത്.
ഹൈന്ദവ വിശ്വാസപ്രകാരം പവിത്രമായി കരുതുന്ന വിഷു ദിനത്തിൽ, സസ്യാഹാരം മാത്രം നിവേദിക്കുന്ന ദൈവ സങ്കൽപ്പത്തെ മാംസാഹാരവുമായി ബന്ധിപ്പിച്ചത് ബോധപൂർവമായ പ്രകോപനമാണ്. സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ റെസ്റ്റോറന്റ് അധികൃതർ പോസ്റ്റർ പിൻവലിച്ചെങ്കിലും, ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമാനമായ രീതിയിൽ കേരളത്തിലെ ചേർത്തലയിലും മലപ്പുറം അങ്ങാടിപ്പുറത്തും നേരത്തെ റെസ്റ്റോറന്റുകൾ കൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് മാംസാഹാര പരസ്യം നൽകിയത് വലിയ വിവാദമായിരുന്നു. മലപ്പുറത്തെ സംഭവത്തിൽ പോലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബംഗളൂരുവിലെ ഈ സംഭവത്തിലും ശക്തമായ നടപടി വേണമെന്നാണ് വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യം. സൗദി അറേബ്യയിലും ശാഖകളുള്ള ഈ റെസ്റ്റോറന്റ് ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനങ്ങളും ഉയരുന്നുണ്ട്.















