മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ റെസ്റ്റോപബ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഡാര്‍ജിലിംഗ് സ്വദേശിയായ സാഹിന്‍ (26), നേപ്പാള്‍ സ്വദേശിയായ പ്രകാശ് (24) എന്നിവരാണ് മരണപ്പെട്ടത്. പബിലെ ജീവനക്കാരാണ് ഇരുവരും. പബിലുണ്ടായിരുന്ന ഉപഭോക്താക്കളായ സോനു, രമേഷ്, മഹാദേവ് പ്രസാദ്, പ്രജ്വല്‍, അവിനാഷ് എന്നിവരും പബ്ബിന്റെ ഉടമ പ്രീതം പുമീതുമാണ് പരിക്കേറ്റ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
തീപിടിത്തമുണ്ടായ ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ‘ഏണികള്‍ ഉപയോഗിച്ചാണ് ഉള്ളില്‍ കുടുങ്ങിയ പതിനഞ്ചോളം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്, ആരും തന്നെ അപകടനിലയിലല്ല. നിലവില്‍ തീ പൂര്‍ണ്ണമായും അണച്ചിട്ടുണ്ട്. പബില്‍ ജോലി ചെയ്തിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങളാണ് ഉള്ളില്‍ നിന്നും കണ്ടെടുത്തത്,’ എന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ രംഗനാഥ് വ്യക്തമാക്കി.
പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന. പബ്ബിനുള്ളില്‍ തടികൊണ്ട് നിര്‍മ്മിച്ച ധാരാളം അലങ്കാര വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും, ഇതാണ് തീ അതിവേഗം പടരാന്‍ ഇടയാക്കിയതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസും അഗ്നിശമന സേനയും സംയുക്തമായി വിശദമായ അന്വേഷണം നടത്തിവരികയാണ്.















