തൃപ്പൂണിത്തുറ: നടൻ ശ്രീനിവാസന് സ്മാരകമുയരുന്നു. മണ്ണിനെ സ്‌നേഹിക്കുകയും തരിശു ഭൂമിയില്‍ കൃഷിയിറക്കി പൊന്നു വിളയിക്കുകയും ചെയ്ത കര്‍ഷകനായ മലയാളത്തിന്റെ സ്വന്തം കലാകാരന്‍ ശ്രീനിവാസനോടുള്ള നാടിന്റെ സ്‌നേഹവും ആദരവുമാണ് സ്മാരകത്തിന്റെ രൂപത്തില്‍ കണ്ടനാട് പാടശേഖരത്തില്‍ ഉയരുന്നത്.
കര്‍ഷകനായ മനുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്മാരകം നിർമ്മിക്കുന്നത്. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്തിന്റെ സഹകരണത്തോടെയാണ് സ്മാരകം നിര്‍മിക്കുന്നത്. സ്മാരകത്തിനായുള്ള ആലോചന തുടങ്ങിയപ്പോള്‍ തന്നെ ധാരാളം ആള്‍ക്കാര്‍ സഹായവുമായി മുന്നോട്ട് വന്നിരുന്നു.
ശ്രീനിവാസന്റെ കൃഷിരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ധാരാളം ചെറുപ്പക്കാര്‍ ഇപ്പോള്‍ ജൈവകൃഷിയില്‍ ആകൃഷ്ടരായി വരുന്നുണ്ട്. ജൈവകൃഷി ആരംഭിച്ച നാള്‍ മുതല്‍ ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നുവെന്നും മനു പറയുന്നു. ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ശ്രീനിവാസന്‍ നല്‍കിയ സംഭാവനകളെ വരുംതലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിര്‍മിക്കുന്നത്.
അടുത്ത ആഴ്ച സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കും. ഗ്രാനൈറ്റില്‍ കൊത്തിയിട്ടുള്ള ശ്രീനിവാസന്റെ ചിത്രവും സ്മാരകത്തില്‍ ഉണ്ടാകും.















