തിരുവനന്തപുരം: കായികമന്ത്രി തിരുവനന്തപുരത്ത് കഴിഞ്ഞ മാസമാണ് കായികഭവൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെയും ഇതിന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഒരു കെട്ടിടം മാത്രമാണ് ഇപ്പോഴും ഇവിടെ നിലവിലുളളത്. ഇതുവരെ ചുവരുകളോ മുറികളോ പണിതിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് മാർച്ചിൽ കായികഭവന്‍റെ ഉദ്ഘാടനം നടന്നു.
പൂർത്തികരിക്കാതെ ഉദ്ഘാടനം നടത്തിയതിനെ തുടർന്നുളള പ്രതിഷേധത്തിൽ മന്ത്രിയുടെ വെല്ലുവിളി ഒരു മാസം കഴിഞ്ഞു വന്നുനോക്കാനായിരുന്നു. എന്നാല്‍ കായികമന്ത്രി വാക്ക് പാലിച്ചിട്ടില്ല. മന്ത്രി പറഞ്ഞ സമയം കഴിഞ്ഞിട്ടും കെട്ടിടം പഴയപടി തന്നെയാണുള്ളത്. മാർച്ച് പതിനൊന്നിനാണ് തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ കായികഭവന്‍റെ ഉദ്ഘാടനം നടന്നത്. ചുവരുമില്ല മുറിയുമില്ല വൈദ്യുതിയോ വെളളമോ ഇല്ല . എന്നിട്ടും തുണിയിട്ട് മറച്ച് വേദിയൊരുക്കി, പരവതാനി വിരിച്ച് കായികമന്ത്രി കെട്ടിടം ആഘോഷപൂർവം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പദ്ധതിക്ക് എട്ടരക്കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവിട്ടത്. എന്നാല്‍ കസേരയിടാൻ പോലും ഒരു മുറിയില്ലാത്ത അവസ്ഥയാണ് നിലവില്‍. പദ്ധതിക്കായി ലഭിച്ച പണം എവിടെ പോയി? കിട്ടിയ തുകയുടെ പകുതിയെങ്കിലും ഇതിനുവേണ്ടി ചിലവഴിച്ചുവെങ്കിൽ ഇങ്ങനെയല്ലായിരുന്നു കായിക ഭവൻ ഉണ്ടാവേണ്ടിയിരുന്നത്. പടിക്കെട്ടിന് കൈവരിപോലും പണിതിട്ടില്ല. സർക്കാരിന്റെ പ്രത്യക്ഷമായ ഈ വീഴ്‌ച്ചയിലും രണ്ടാംഘട്ട അനുമതിയാവാത്തതും പണം പാസാവാത്തതുമാണ് ഇതിന് കാരണമെന്നാണ് കായിക മന്ത്രിയുടെ ന്യായീകരണം.















