ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ്, റഷ്യന്‍ പ്രതിരോധ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായുള്ള കൂടിക്കാഴ്ചയാണ് ഏറെ ശ്രദ്ധേയമായത്.
യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികള്‍ ഇരു മന്ത്രിമാരും വിലയിരുത്തിയതായാണ് വിവരം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ സംഭാഷണത്തില്‍ വിഷയമായി. ‘ബിഷ്‌കെക്കിലെ എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറല്‍ ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തി,’ എന്ന് രാജ്നാഥ് സിംഗ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ചൈനയ്‌ക്ക് പുറമെ റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. റഷ്യന്‍ മന്ത്രിയുമായുള്ള ആശയവിനിമയം മികച്ചതായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ചയാണ് രാജ്നാഥ് സിംഗ് ബിഷ്‌കെക്കില്‍ എത്തിയത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഭീകരവാദ വിരുദ്ധ സഹകരണവുമാണ് ഈ ഉച്ചകോടിയിലെ പ്രധാന അജണ്ടകള്‍.















