അനന്തപൂർ: ആന്ധ്രപ്രദേശിലെ അനന്തപൂരിൽ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ നാട്ടുക്കാർ പിടികൂടി മർദ്ദിച്ചു. രുദ്രംപേട്ട സ്വദേശിയും വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകനുമായ മൗലാന ഖ്വാജ ഹുസൈനെ (60) ആണ് ജനങ്ങളെ കൈകാര്യം ചെയ്തത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. രുദ്രംപേട്ടയിലെ ജനവാസമില്ലാത്ത ഭാഗത്തുവെച്ച് പെൺകുട്ടിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ പ്രതിയെ ഓടിച്ചിട്ടു പിടികൂടി. പ്രകോപിതരായ നാട്ടുകാർ ഖ്വാജ ഹുസൈനെ മർദ്ദിക്കുകയും തുടർന്ന് ഇയാളെ മൊട്ടയടിച്ച ശേഷം മുഖത്ത് കരി തേച്ച് അർദ്ധനഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു.
വിവരമറിഞ്ഞെത്തിയ ഫോർത്ത് ടൗൺ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഭരണകക്ഷിയിൽപ്പെട്ട വ്യക്തിയായതിനാൽ പോലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു















