ന്യൂഡല്‍ഹി: പാചകവാതകമായ എല്‍പിജിക്ക് പകരം എഥനോള്‍ പ്രധാന പാചക ഇന്ധനമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ എല്‍പിജി ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുകയും സബ്സിഡി ബാധ്യത വെട്ടിക്കുറയ്‌ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. 2026 സെപ്റ്റംബറോടെ സമഗ്ര രൂപരേഖ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.
എഥനോള്‍ വിതരണം, സബ്സിഡി സംവിധാനം, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി ലഭ്യമാക്കുന്ന മാര്‍ഗങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്. എല്‍പിജിക്ക് പകരം എഥനോളിന്റെയും ബയോഗ്യാസിന്റെയും ഉപയോഗം വ്യാപകമാകുന്നതിലൂടെ രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍. ഇതോടെ സബ്സിഡി ഇനത്തിലും കേന്ദ്രത്തിന് വലിയ സാമ്പത്തിക ലാഭം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കരിമ്പ്, ചോളം, അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്. എഥനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് അധിക വരുമാന മാര്‍ഗം സൃഷ്ടിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, ബയോഗ്യാസിലേക്കും എഥനോളിലേക്കും മാറുന്നതിലൂടെ 2050ഓടെ എല്‍പിജി സബ്സിഡി ഇനത്തില്‍ മാത്രം ഇന്ത്യയ്‌ക്ക് രണ്ട് ലക്ഷം കോടി രൂപയിലധികം ലാഭിക്കാന്‍ സാധിക്കും.
ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘകാല നയത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെ വിലയിരുത്തുന്നത്.















