തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ മഴ ശക്തമാകുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ഏഴ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
വെളളിയാഴ്ച മൂന്ന് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ഈ മാസം 10 വരെ മധ്യ- തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മാന്നാര്‍ കടലിടുക്കിനു സമീപം ചക്രവാതച്ചുഴി ഉടലെടുത്തതാണ് വേനല്‍ മഴ ശക്തി പ്രാപിക്കാന്‍ കാരണം.
തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്‌ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















