കോഴിക്കോട്: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പുതിയ കെട്ടിടം ആദ്യ വേനൽമഴയിൽ തന്നെ ചോർന്നൊലിക്കുന്നു. വെയിലും മഴയും കൊള്ളാതെ രോഗികൾക്ക് വിശ്രമിക്കാനായി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് വെള്ളക്കെട്ടിലായത്.
മുതിർന്ന പൗരന്മാരും ശസ്ത്രക്രിയ കഴിഞ്ഞവരും വിശ്രമിക്കേണ്ട ഭാഗത്താണ് ചോർച്ച കണ്ടെത്തിയത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. മഴ പെയ്താൽ കെട്ടിടത്തിനുള്ളിലും കുടപിടിച്ചിരിക്കേണ്ട അവസ്ഥയിലാണെന്ന് രോഗികൾ പരാതിപ്പെടുന്നു. പൊതുമരാമത്ത് വകുപ്പിന്റെ (PWD) മേൽനോട്ടത്തിലാണ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നത്. എന്നാൽ, കെട്ടിടത്തിന്റെ മേൽക്കൂരയ്‌ക്ക് ആവശ്യമായ ഉയരം നൽകാത്തതും തറയുടെ ചരിവ് ശരിയായ രീതിയിൽ ക്രമീകരിക്കാത്തതുമാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. നിർമ്മാണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം, കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ആശുപത്രി അധികൃതർക്ക് ഇതുവരെ ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. കെട്ടിടത്തിലെ ചോർച്ചയും മറ്റ് നിർമ്മാണ വൈകല്യങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സമിതി ആശുപത്രി സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും പരാതി നൽകി. രോഗികളെ ദുരിതത്തിലാക്കുന്ന ഇത്തരം അഴിമതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം.















