ഇന്ത്യൻ നിരത്തുകളിലൂടെ ഒറ്റയ്‌ക്ക് ബൈക്ക് ഓടിച്ചു പോകുമ്പോൾ വാഹനം പണിതന്നാൽ എന്തുചെയ്യും? നെതർലൻഡ്‌സ് സ്വദേശിനിയായ മെയ്‌കെ ഹിജ്‌മാൻ എന്ന യാത്രികയ്‌ക്ക് മുന്നിൽ പെട്ടെന്നുണ്ടായ പ്രതിസന്ധി അതായിരുന്നു. എന്നാൽ ആ പ്രതിസന്ധി പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുത്ത മനോഹരമായ ഒരു അനുഭവമായി മാറി.
ദേശീയപാതയിലൂടെ തനിച്ച് യാത്ര ചെയ്യവേയാണ് മെയ്‌കെയുടെ ബൈക്ക് പഞ്ചറായത്. ടയർ നന്നാക്കാൻ ആവശ്യമായ ഉപകരണങ്ങളോ അത് ചെയ്യാനുള്ള അറിവോ മെയ്‌കെയുടെ പക്കൽ ഉണ്ടായിരുന്നില്ല. പെരുവഴിയിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന മെയ്‌കെയ്‌ക്ക് മുന്നിലേക്ക് ദൈവദൂതന്മാരെപ്പോലെ മൂന്ന് യുവാക്കൾ എത്തുകയായിരുന്നു. യാതൊരു മുൻപരിചയവുമില്ലാത്ത ആ യുവാക്കൾ മെയ്‌കെയ്‌ക്ക് വേണ്ടി ഹൈവേയിൽ വണ്ടി നിർത്തി. മെയ്‌കെയെ ഒരു മെക്കാനിക്കിന്റെ അടുത്തേക്ക് എത്തിക്കാമെന്ന് അവർ ഉറപ്പുനൽകുകയും അവരെ പിന്തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ മെയ്‌കെ തന്നെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 4 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. തനിക്ക് ലഭിച്ച അപ്രതീക്ഷിത സഹായത്തെക്കുറിച്ച് യുവതി വീഡിയോയിൽ വാചാലയാകുന്നുണ്ട്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെയും സഹായിക്കാനുള്ള മനസ്സിനെയും വാനോളം പുകഴ്‌ത്തുകയാണ് സൈബർ ലോകം.”ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും മാന്യരും നല്ലവരുമാണ്, ഇത്തരം കാഴ്ചകൾ കാണുന്നത് സന്തോഷം നൽകുന്നു” എന്നിങ്ങനെ പോകുന്നു വീഡിയോയ്‌ക്ക് താഴെയുള്ള കമന്റുകൾ.
ഇന്ത്യയുടെ യഥാർത്ഥ സ്നേഹം ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ് ഈ കൊച്ചു വീഡിയോ. സുരക്ഷിതവും സന്തോഷകരവുമായ ഒരു യാത്ര നേർന്നുകൊണ്ട് നിരവധി ഇന്ത്യക്കാരാണ് മെയ്‌കെയുടെ പോസ്റ്റിന് താഴെ സ്നേഹം അറിയിക്കുന്നത്















