നെടുങ്കണ്ടം: കേരളത്തെ നടുക്കിയ നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിയുടെ പിതാവ് മാത്യുവിന്റേതെന്ന് സംശയിക്കുന്ന അസ്ഥിക്കഷ്ണങ്ങൾ വീട്ടുപറമ്പിൽ നിന്നും കണ്ടെടുത്തു.
എട്ടു വർഷം മുൻപ് കാണാതായ മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചുമൂടിയതാവാം എന്ന സംശയത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൾ കണ്ടെത്തിയത്. അമ്മ മേരിക്കുട്ടി (70), സഹോദരൻ റെജി (54) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ സജിയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
പിതാവിന്റെ തിരോധാനത്തിൽ പങ്കില്ലെന്ന് പ്രതി ആവർത്തിച്ചെങ്കിലും, പോലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുരയിടത്തിൽ വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു. വീടിന് സമീപത്തെ പട്ടിക്കൂടിനോട് ചേർന്ന പഴയ ചാണകക്കുഴിയുടെ ഭാഗത്തുനിന്നാണ് അസ്ഥികൾ കണ്ടെടുത്തത്.
2018 മാർച്ച് അഞ്ചിനാണ് സജിയുടെ പിതാവ് മാത്യുവിനെ കാണാതാകുന്നത്. അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകളില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. കണ്ടെടുത്ത അസ്ഥികൾ മാത്യുവിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പോലീസ് സ്വീകരിക്കും. ഏപ്രിൽ നാലിനാണ് അമ്മയെയും സഹോദരനെയും സജി കൊലപ്പെടുത്തിയത്.
മൃതദേഹങ്ങൾ വീടിന് സമീപം തന്നെ കുഴിച്ചുമൂടി ഒളിവിൽ പോകുകയായിരുന്നു. സഹോദരൻ റെജിയുമായുള്ള തർക്കമാണ് ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് സജി സമ്മതിച്ചിട്ടുണ്ട്. എന്നാൽ പിതാവിനെ കാണാതായ സമയത്തും സജി വീട്ടിലുണ്ടായിരുന്നു. അന്ന് മാത്യു ബസിൽ കയറി പോകുന്നത് കണ്ടു എന്ന് ചിലർ നൽകിയ മൊഴി സജി തന്നെ കെട്ടിച്ചമച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നു. അസ്ഥികൾ മാത്യുവിന്റേതാണെന്ന് തെളിഞ്ഞാൽ സജിക്കെതിരെ മൂന്നാമതൊരു കൊലപാതകക്കേസ് കൂടി രജിസ്റ്റർ ചെയ്യും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.















