കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ എളമക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുജീബ് റഹ്മാൻ അറസ്റ്റിലായി. യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്ന മുജീബ് ഇന്ന് രാവിലെ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ലൈംഗികാതിക്രമം ഉൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിട്ടുള്ളത്. മറ്റൊരു പരാതി നൽകാനായി എളമക്കര സ്റ്റേഷനിലെത്തിയ യുവതിയോട് മുജീബ് മോശമായി പെരുമാറുകയും ലൈംഗിക താത്പര്യത്തോടെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. ഈ സംഭവത്തിൽ കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്. പത്തനംതിട്ടയിലുള്ള ഒരു ഡോക്ടറെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് മുജീബ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കള്ളക്കേസ് എടുക്കുമെന്നായിരുന്നു ഭീഷണി.
ഇയാൾക്കെതിരെ സമാനമായ രീതിയിൽ വേറെയും നിരവധി പരാതികൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.















