പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഭർത്താവ് രജിൻലാലിന് (ലാലു) ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
സോനയെ പേരാമ്പ്ര കല്ലോട് ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്‌ക്കിടയിൽ കാറിൽനിന്ന് പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു. ഇതോടെ രജിൻലാൽ വണ്ടി നിർത്തി പെട്ടെന്ന് പുറത്തേക്ക് ചാടിയെങ്കിലും ദേഹത്ത് തീ പടർന്നിരുന്നു. ഈ സമയം സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. ദേഹമാകെ തീ പടർന്ന നിലയിലും രജിൻലാൽ ഭാര്യയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രജിൻ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടുകയായിരുന്നു. എന്നാൽ കാറിന്റെ ഡോർ ലോക്കായതിനെ തുടർന്ന് സോനയ്‌ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
കാറിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തൊട്ടടുത്ത വയലിൽ നിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീയണയ്‌ക്കാനും കാറിനുള്ളിൽ കുടുങ്ങിയ സോനയെ പുറത്തെടുക്കാനും കഠിനശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ യുവതി കാറിനുള്ളിൽ ഉള്ള കാര്യം നാട്ടുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് സോനയെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ ശ്രീനിവാസൻ – വസന്ത ദമ്പതികളുടെ മകളാണ് മരിച്ച സോന. സോനു ആണ് സഹോദരൻ. അപകടവിവരമറിഞ്ഞ് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രദേശവാസികൾ.















