കൊച്ചി: തലശേരി ഫസൽ വധക്കേസിൽ തൊണ്ടിയായ തൂവാല സിബിഐ കോടതിയിൽ നിന്നും കാണാതായി. സാക്ഷി വിസ്‌താരത്തിനിടെയാണ് തൂവാല കാണാതായ കാര്യം ബോധ്യപ്പെട്ടത്. ടവ്വൽ കാണുന്നില്ല, എലി കരണ്ട് കൊണ്ടുപോയി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൊച്ചി സിബിഐ കോടതി തൂവാല നഷ്‌ടപ്പെട്ടതായി രേഖപ്പെടുത്തി. തൊണ്ടിമുതൽ സൂക്ഷിച്ച റൂമിൽ വെച്ച് എലി കരണ്ടതിനെ തുടർന്നാണ് ഇത് നശിച്ചുപോയതെന്നാണ് കോടതിക്ക് ലഭിച്ച വിശദീകരണം.
സിപിഐഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രതികളായ കേസാണിത്. അന്വേഷണം വഴിതെറ്റിക്കാൻ ഫസലിന്റെ രക്തം പുരണ്ട തൂവാല പ്രതികൾ മറ്റൊരിടത്ത് കൊണ്ടുപോയി ഇട്ടിരുന്നു. തൂവാല ആർഎസ്എസ് ശക്തികേന്ദ്രത്തിൽ കൊണ്ടുപോയിട്ട് കേസ് വഴിതെറ്റിക്കാനായിരുന്നു ശ്രമം.
തൊണ്ടിമുതൽ കാണാതായത് തിരിച്ചടിയാകില്ലെന്ന വിലയിരുത്തലിലാണ് സിബിഐ. ഫോറൻസിക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതിനാൽ കേസ് തെളിയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷൻ.
സി പി എം വിട്ട് എൻ ഡി എഫിൽ ചേർന്ന മുഹമ്മദ് ഫസല്‍ 2006 ഒക്‌ടോബർ 22-നാണ് കൊല്ലപ്പെട്ടത്. സിബിഐ ഏറ്റെടുത്ത കണ്ണൂരിലെ ആദ്യ രാഷ്‌ട്രീയ കൊലപാതമായിരുന്നു ഇത്. സിപിഎം നേതാക്കൾ പ്രതികളായ ഫസൽ കേസിൽ പാർട്ടി നിർദ്ദേശമനുസരിച്ച് ആർ എസ് എസ് പ്രവർത്തകരെ പ്രതി ചേർക്കാൻ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ശ്രമം നടന്നിരുന്നു. എന്നാൽ കേസ് സിബിഐ അന്വേഷിച്ചതോടെ, സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാകുകയായിരുന്നു. സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടു സിപിഎമ്മുകാരെ പ്രതി ചേർത്തായിരുന്നു സിബിഐ കുറ്റപത്രം സമർപ്പിച്ചത്.















