ന്യൂഡൽഹി : ഈ വർഷത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും. ഇന്ന് വൈകുന്നേരം രാഷ്‌ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ദ്രൗപതി മുർമു പത്മ അവാർഡുകൾ സമ്മാനിക്കും.
രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മ അവാർഡുകൾ മൂന്ന് വിഭാഗങ്ങളിലായാണ് നൽകുന്നത് – പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ. 2026 ലെ ആദ്യ സിവിൽ ഇൻവെസ്റ്റിച്വർ ചടങ്ങിൽ ഇന്ന്, 2 പത്മവിഭൂഷൺ, 6 പത്മഭൂഷൺ, 58 പത്മശ്രീ എന്നിവയുൾപ്പെടെ 66 പത്മ അവാർഡുകൾ രാഷ്‌ട്രപതി സമ്മാനിക്കും. ശേഷിക്കുന്ന പത്മ അവാർഡുകൾ പിന്നീട് നടക്കുന്ന സിവിൽ ഇൻവെസ്റ്റിച്വർ ചടങ്ങിന്റെ രണ്ടാം റൗണ്ടിൽ നൽകും.
ഈ വർഷം സർക്കാർ ആകെ 131 പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. അവാർഡ് ജേതാക്കളിൽ 19 പേർ സ്ത്രീകളാണ്, 16 പേർക്ക് മരണാനന്തര ബഹുമതിയായി നൽകും. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ അവാർഡുകൾ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിൽ ഒന്നാണ്.
1954-ൽ സ്ഥാപിതമായ ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, വ്യാപാരം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലെയും വിഷയങ്ങളിലെയും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾക്കാണ് ഈ അവാർഡ് നൽകുന്നത്
ചടങ്ങിൽ ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി,ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.















