കൊൽക്കത്ത: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി പശ്ചിമ ബംഗാൾ സർക്കാർ. ബംഗാളിൽ ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമായി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു. മുർഷിദാബാദിലും മാൾട്ടയിലുമാണ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായത്. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ബംഗാൾ സർക്കാർ ജില്ലാ മജിസ്ട്രേറ്റുമാരോട് നിർദ്ദേശിച്ചിരുന്നു. ഉത്തരവിട്ട് 48 മണിക്കൂറിനകം രണ്ട് കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്തു. മാൾഡയിൽ, ഇംഗ്ലീഷ് ബസാറിൽ സ്വയം സഹായ സംഘങ്ങൾക്കായുള്ള സർക്കാർ പരിശീലന കേന്ദ്രത്തിന്റെ ഒരു ഭാഗമാണ് തടങ്കൽ പാളയമാക്കിയത്.
മാൾഡയിൽ ഒൻപതും മുർഷിദാബാദിൽ മൂന്നും അനധികൃത തടവുകാരെ എത്തിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മതിയായ രേഖകളില്ലാതെ ഹിലി വഴിയാണ് ഇവർ അതിർത്തി കടന്നത്. പരിശോധനയ്‌ക്ക് ശേഷം തടവുകാരെ ബിഎസ്എഫിന് കൈമാറുമെന്ന് മുർഷിദാബാദ് ജില്ലാ മജിസ്ട്രേറ്റ് ആർ അർജുൻ പറഞ്ഞു. ഇവരുടെ ബംഗ്ലാദേശി പൗരത്വം സ്ഥിരികരിച്ചതിന് പിന്നാലെ ഇവരെ നാടുകടത്തും.
ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും നാടുകടത്താൻ 2025 മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ നടപടികൾ മമത സർക്കാർ വൈകിപ്പിക്കുകയായിരുന്നു. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെ എല്ലാം വേഗത്തിലാക്കുകയായിരുന്നു.















