തിരുവള്ളൂർ: സേവാഭാരതി തമിഴ്നാട് സ്ഥാപിക്കുന്ന ‘ജെയിൻ സോഹൻ കൻവർ മംഗിലാൽ ടാറ്റർ സേവാഭാരതി’ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭൂമിപൂജ ചടങ്ങ് നടന്നു. തിരുവള്ളൂർ ജില്ലയിലെ ഉത്തുക്കോട്ടൈയ്‌ക്ക് സമീപമുള്ള കൂണിപ്പാളയത്താണ് മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നത്.
ആർഎസ്എസ് അഖില ഭാരതീയ സഹ-സർക്കാര്യവാഹ് സി. ആർ. മുകുന്ദൻ ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തു. കൂടാതെ അഖില ഭാരതീയ സഹ സേവാ പ്രമുഖ് എ. സെന്തിൽ കുമാർ, ശ്രീധർ വേമ്പു (സോഹോ കോർപ്പറേഷന്റെ സ്ഥാപകൻ), സുരേഷ് ചന്ദ് ടാറ്റർ (സോഹൻ കൻവർ മംഗിലാൽ ടാറ്റർ ട്രസ്റ്റിന്റെ പ്രസിഡന്റ്) എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്രാമീണ മേഖലകളിലെയും പിന്നാക്ക വിഭാഗങ്ങളിലെയും ജനങ്ങൾക്ക് ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യസേവനങ്ങളുടെ ആവശ്യകതയെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ, അടിയന്തര ചികിത്സാ വിഭാഗം, അത്യാധുനിക ലബോറട്ടറി സേവനങ്ങൾ, സമഗ്ര സമൂഹാരോഗ്യ സേവനങ്ങൾ എന്നിവ ലഭ്യമാക്കും.
തിരുവള്ളൂർ ജില്ലയിലെയും തമിഴ്നാട്–ആന്ധ്രപ്രദേശ് അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ജനങ്ങൾക്ക് ആശുപത്രി വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നത്. ആരോഗ്യബോധവൽക്കരണം, സാമൂഹിക സേവനം, പ്രാദേശിക തൊഴിലവസര സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദീർഘകാല സാമൂഹിക പരിവർത്തനത്തിനും ഈ സംരംഭം വഴിയൊരുക്കും.















