തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ എഐ ആണെന്ന് തൃക്കണാപുരം സിപിഎം കൗൺസിലർ അജിന്റെ വാദം തള്ളി പരാതിക്കാരൻ സഞ്ജു. വീഡിയോ തന്റെ മൊബൈൽ ഫോണിൽ നേരിട്ട് റെക്കോർഡ് ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ഫോണിലെ ഗാലറിയിൽ വീഡിയോ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും റെക്കോർഡ് ചെയ്ത തീയതിയും സമയവും പരിശോധിക്കാനാകുമെന്നും സഞ്ജു വ്യക്തമാക്കി. 2026 ഓഗസ്റ്റ് 5ന് വൈകിട്ട് 7.42ഓടെയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നും അജിന്റെ ഓഫീസിൽ എത്തിയ ശേഷമാണ് ഫോൺ പോക്കറ്റിൽ വെച്ച് റെക്കോർഡിങ് ആരംഭിച്ചതെന്നും സഞ്ജു പറഞ്ഞു.
വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രമാണ് വാട്സ്ആപ്പിലൂടെ അയയ്‌ക്കുന്നതിനായി മുറിച്ചെടുത്തതെന്നും സഞ്ജു വ്യക്തമാക്കി. എന്നാൽ യഥാർഥ വീഡിയോയും അതിന്റെ വിശദാംശങ്ങളും തന്റെ ഫോണിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തർക്കത്തിലുള്ള ഭൂമി പുറമ്പോക്കാണെന്ന അജിന്റെ വാദം സഞ്ജു തള്ളി. ഭൂമി തന്റെ പേരിൽ കൃത്യമായ രേഖകളോടെ രജിസ്റ്റർ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സഞ്ജുവിനോട് അജിൻ പണം ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് ജനം ടിവി പുറത്തുവിട്ടത്.
ഭൂമിയോട് ചേർന്നുള്ള നടവഴി സംബന്ധിച്ചും അജിന്റെ ഇടപെടലുണ്ടായി. പണം നൽകിയാൽ നടവഴിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കി നൽകാമെന്ന തരത്തിൽ അജിൻ സംസാരിച്ചു. നേരത്തെയും സമാനമായി ഭൂമി സംബന്ധിച്ച കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്ന് അജിൻ പറഞ്ഞിട്ടുണ്ട്.
അജിനെ കാണുന്നതിനായാണ് തന്ത്രപരമായി പണം നൽകാമെന്ന് പറഞ്ഞത്. എന്നാൽ യഥാർഥത്തിൽ പണം നൽകിയിട്ടില്ലെന്നും സഞ്ജു പറഞ്ഞു. തെളിവ് ശേഖരിക്കുകയായിരുന്നു ലക്ഷ്യമെന്നും പിന്നീട് നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇനി നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സഞ്ജു പറഞ്ഞു.















