തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് സസ്‌പെൻഷൻ.വിശദമായ അന്വേഷണത്തിന് വീണ്ടും ഉന്നതതല സമിതിയെ നിയോഗിക്കും.
ഡോക്ടര്‍മാരുടെ അവഗണനയാണ് പുഴുവരിക്കാന്‍ കാരണമായതെന്നും ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. പിന്നാലെയാണ് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസം 28നാണ് പാരിപ്പളളി സ്വദേശി രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് കാലില്‍ കമ്പിയിട്ടു. അഞ്ച് ദിവസമായി ഐസിയുവിലായിരുന്ന രാജേന്ദ്ര പ്രസാദിനെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് കാലില്‍ പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുടുംബം ബഹളം വെച്ചതോടെ വീണ്ടും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.















