ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയ്‌ക്ക് വലിയ കുതിപ്പേകാന്‍ സാധ്യതയുള്ള സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അഞ്ചാം തലമുറയില്‍പ്പെട്ട അത്യാധുനിക യുദ്ധവിമാനമായ എസ്യു-57 ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് റഷ്യ അറിയിച്ചു. കേവലം വിമാനങ്ങള്‍ വില്‍ക്കുക എന്നതിനപ്പുറം, ഇന്ത്യയുമായി ചേര്‍ന്ന് ഇവ നിര്‍മ്മിക്കാനും ഇതിന്റെ അത്യാധുനിക സാങ്കേതികവിദ്യകള്‍ പൂര്‍ണ്ണമായി കൈമാറാനും റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ചൈനയില്‍ നിന്ന് അത്യാധുനിക ജെ-35എഇ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ അയല്‍രാജ്യമായ പാകിസ്താന്‍ അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ്, ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ ഓഫര്‍ വരുന്നത്. നിലവില്‍ ഇന്ത്യന്‍ സായുധ സേനയുടെ പക്കല്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ലഭ്യമല്ല. ഇന്ത്യ സ്വന്തം നിലയില്‍ വികസിപ്പിച്ചെടുക്കുന്ന ‘അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്’ പദ്ധതി പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ കുറഞ്ഞത് 2030 വരെയെങ്കിലും സമയമെടുക്കും.
ഈ ഇടവേള പരിഹരിക്കുന്നതിനായി റഷ്യയുടെ എസ്യു-57, അമേരിക്കയുടെ എഫ്-35 എന്നീ രണ്ട് പ്രമുഖ യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ പരിഗണനയിലുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ പുതിയ പ്രസ്താവന നിര്‍ണ്ണായകമാകുന്നത്. ‘ഈ അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍കാനും, ഇരുരാജ്യങ്ങളും ഒന്നിച്ച് ഇത് വികസിപ്പിച്ചെടുക്കാനും ഞങ്ങള്‍ക്ക് പൂര്‍ണ്ണ സമ്മതമാണ്. സാങ്കേതികവിദ്യ കൈമാറുന്നതില്‍ റഷ്യയ്‌ക്ക് യാതൊരുവിധ തടസ്സങ്ങളോ പരിമിതികളോ ഇല്ല. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് റഷ്യയ്‌ക്കുള്ളത്,’ വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി.















