മൊണാക്കോ: ഫോര്‍മുല വണ്‍ ലോകത്തെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തിരുത്തിക്കുറിച്ചുകൊണ്ട് പത്തൊന്‍പതുകാരന്‍ കിമി അന്റോണെല്ലിയുടെ കുതിപ്പ് തുടരുന്നു. മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം അന്റോണെല്ലി, കരിയറിലെ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ തന്റെ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കി.
കേവലം ഒരു ജയത്തിനപ്പുറം ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഗ്രാന്‍ഡ് സ്ലാം’ ജേതാവ് എന്ന അപൂര്‍വ്വ റെക്കോര്‍ഡും ഇറ്റാലിയന്‍ യുവതാരമായ അന്റോണെല്ലി സ്വന്തം പേരില്‍ കുറിച്ചു. ഒരു റേസില്‍ പോള്‍ പൊസിഷന്‍ നേടുക, എല്ലാ ലാപ്പുകളിലും മുന്നില്‍ തുടരുക, ഏറ്റവും വേഗമേറിയ ലാപ്പ് കുറിക്കുക, ഒടുവില്‍ വിജയിക്കുക എന്നിവ ഒത്തുചേരുമ്പോഴാണ് ഒരു ഡ്രൈവര്‍ ‘ഗ്രാന്‍ഡ് സ്ലാം’ നേട്ടം കൈവരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ റേസില്‍ പൂര്‍ണ്ണാധിപത്യം പുലര്‍ത്തുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ട ഈ നേട്ടമാണ് അന്റോണെല്ലി സ്വന്തമാക്കിയത്.
പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച അന്റോണെല്ലി, ഓവര്‍ടേക്കിംഗ് ഏറ്റവും കഠിനമായ മൊണാക്കോയിലെ വളവുകളില്‍ തുടക്കം മുതല്‍ക്കേ നിയന്ത്രണം ഏറ്റെടുത്തു. മത്സരത്തിനിടയില്‍ സേഫ്റ്റി കാര്‍ ഇറങ്ങേണ്ടി വരികയും പിന്നീട് റെഡ് ഫ്‌ലാഗ് മൂലം റേസ് തടസ്സപ്പെടുകയും ചെയ്‌തെങ്കിലും, താന്‍ നേരത്തെ ഉണ്ടാക്കിയെടുത്ത ലീഡ് നഷ്ടപ്പെട്ടിട്ടും താരം ഒട്ടും പതറിയില്ല. റേസിന്റെ അവസാന ഘട്ടങ്ങളില്‍ കൂടുതല്‍ വേഗത കൈവരിച്ച അന്റോണെല്ലി, ഫെരാരിയുടെ ഇതിഹാസ താരം ലൂയിസ് ഹാമില്‍ട്ടണേക്കാള്‍ ഒരു സെക്കന്‍ഡിലധികം വേഗതയിലാണ് ലാപ്പുകള്‍ പൂര്‍ത്തിയാക്കിയത്.
ഒടുവില്‍ ഹാമില്‍ട്ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അന്റോണെല്ലി ഫിനിഷിങ് ലൈന്‍ കടന്നു. ഈ വിജയത്തോടെ മൊണാക്കോ ഗ്രാന്‍ഡ് പ്രീ ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവര്‍ എന്ന റെക്കോര്‍ഡും അന്റോണെല്ലി സ്വന്തമാക്കി. ഏഴുതവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് നാല് വര്‍ഷത്തെ പ്രായവ്യത്യാസത്തില്‍ അന്റോണെല്ലി മറികടന്നത്. അതേസമയം, രണ്ടാം സ്ഥാനത്തെത്തിയതോടെ മൊണാക്കോയില്‍ ഏറ്റവും കൂടുതല്‍ തവണ പോഡിയം ഫിനിഷ് (ആദ്യ മൂന്ന് സ്ഥാനം) നേടിയ ഇതിഹാസ താരം അയര്‍ട്ടണ്‍ സെന്നയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഹാമില്‍ട്ടന് സാധിച്ചു. ഐസക് ഹാജറാണ് റേസില്‍ മൂന്നാമതെത്തിയത്.
അന്റോണെല്ലി ചരിത്രവിജയം ആഘോഷിച്ചപ്പോള്‍, മെഴ്സിഡസ് ടീമിലെ സഹതാരവും കിരീടപ്പോരാട്ടത്തിലെ പ്രധാന എതിരാളിയുമായ ജോര്‍ജ്ജ് റസ്സലിന് ഈ റേസ് തിരിച്ചടിയായി. തുടര്‍ച്ചയായ അഞ്ച് വിജയങ്ങളോടെ ഹാമില്‍ട്ടന്റെ മുന്‍കാല വിന്നിംഗ് സ്‌ട്രൈക്കിനൊപ്പമെത്തിയ അന്റോണെല്ലി, ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ റസ്സലിനേക്കാള്‍ 68 പോയിന്റുകളുടെ വന്‍ ലീഡ് സ്വന്തമാക്കി കഴിഞ്ഞു.















