കണ്ണൂർ: മറ്റൊരു മുനമ്പമാകാൻ ഒരുങ്ങി തളിപ്പറമ്പ്. നഗരത്തിലും പരിസരങ്ങളിലുമുള്ള 400 ഏക്കറിലേറെ സ്ഥലം വഖ്ഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് നഗരസഭാ ഓഫീസ് ഉൾപ്പെടെയുള്ള ഒട്ടേറെ പൊതുസ്ഥാപനങ്ങളും വിലകൊടുത്ത് വാങ്ങിയ സ്ഥലവും ഉൾപ്പെടെ വഖ്ഫിന്റേതാകുമെന്നാണ് സൂചന. അതേസമയം വഖ്ഫ് അവകാശവാദം ഉന്നയിക്കുന്ന ഭൂമി തളിപ്പറമ്പിലെ പ്രശസ്തമായ നരിക്കോട്ടില്ലത്തിന്റെ ഭൂമിയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
തളിപ്പറമ്പ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റേതായിരുന്നു. നരിക്കോട്ട് ഇല്ലം വാക്കാൽ ലീസിന് നൽകിയതാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശമുന്നയിക്കുന്ന ഭൂമി. നഗരത്തിലെ പലരുടെയും ആധാരങ്ങളിൽ ഉൾപ്പെടെ നരിക്കോട്ട് ഇല്ലത്തിന്റെ പേരു പരാമർശിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കേയാണ് തളിപ്പറമ്പിലെ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച് ഏതാനും ഉടമകൾക്ക് വഖ്ഫ് ബോർഡ് നോട്ടീസയച്ചിരുന്നു. എന്നാൽ തളിപ്പറമ്പിൽ നോട്ടീസ് ലഭിച്ചവരിലേറെയും മുസ്ലീം സമൂഹത്തിൽ പെട്ടവരും മുസ്ലീംലീഗിൽ ഉൾപ്പടെ പ്രവർത്തിക്കുന്നവരുമാണ്. അതിനാൽ തന്നെ പരസ്യമായി രംഗത്ത് വരാൻ മടിക്കുകയാണ് മിക്കവരും.















