ന്യൂഡൽഹി : രാജ്യസഭ തിരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍.
ഹര്‍ജി കോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ പി കെ മിശ്ര, എഎസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാനാര്‍ഥിയായ മീനാക്ഷി നടരാജനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായതിനാല്‍, ഉടൻ തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് മീനാക്ഷി നടരാജനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി കോടതിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഇടയ്‌ക്കുവെച്ച് കോടതികള്‍ ഇടപെടാറില്ലെന്ന് ജസ്റ്റിസ് പി കെ മിശ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നും സിങ് വി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വാദത്തെ എതിര്‍ത്തു. തുടര്‍ന്നാണ് കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.















