പാലക്കാട്: ലെവൽ ക്രോസിംഗ് ഗേറ്റ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ. പാലക്കാട് ഡിവിഷനിൽ ലെവൽ ക്രോസിംഗ് ഗേറ്റ് മറികടന്ന ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിലാണ് ലെവൽ ക്രോസിംഗ് ഗേറ്റിലെ സുരക്ഷ നിയമ ലംഘനവും അശ്രദ്ധയും മൂലം ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. 2025 – 2026 വർഷങ്ങളിലായി ഏകദേശം 79 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മുന്നറിയിപ്പ് അവഗണിച്ച് ലെവൽ ക്രോസ് മറികടന്നത് മൂലമാണ് അപകടങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. ഗേറ്റ് സിഗ്നലുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ഗേറ്റ്കീപ്പർമാരുടെ നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്ന് ദക്ഷിണ റെയിൽവേ നിർദ്ദേശം നൽകി.
ഗേറ്റുകൾ അടച്ചിരിക്കുമ്പോൾ ട്രാക്കുകൾ മുറിച്ചുകടക്കാൻ ശ്രമിക്കുകയോ മുന്നറിയിപ്പ് സൂചനകൾ അവഗണിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ് എന്നും അത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.















