മുംബൈ: സീരിയൽ- സിനിമാ താരം സഞ്ചിത ഉഗാലയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജൂണ് 14 നാണ് മഹാരാഷ്‌ട്രയിലെ വസതിയിൽ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ടെലിവിഷനിലും സിനിമകളിലും അഭിനയിച്ച സഞ്ചിത കുംകും ഭാഗ്യ എന്ന സീരിയലിലൂടെയാണ് ജനശ്രദ്ധ നേടിയത്. വിക്കി കൗശൽ അഭിനയിച്ച ഛാവ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അവസാന മണിക്കൂറുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മരണ വാർത്ത പുറത്തുവരുന്നതിന് 18 മണിക്കൂർ മുമ്പാണ് അവസാന റീൽ പോസ്റ്റ് ചെയ്തത്.
കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അച്ചോലെ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ വിനോദ് ബാഗ് പറഞ്ഞു. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വസായ്-വിരാർ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഞ്ചിതയുടെ പിതാവ് മച്ചീന്ദ്ര ഉഗാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അച്ചോലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.















