കൊല്ലം: കെ എസ് ആര്‍ ടി സി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന വേളയില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഉദ്ഘാടന വേളയിലെ തിരക്കിനിടയിലായിരുന്നു സംഭവം.പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വെച്ച് വിതരണം ചെയ്യുകയുണ്ടായി.
ഈ പായസമാണ് മന്ത്രിയുടെ തലയിൽ വീണത്. ചൂടുള്ള പായസമായിരുന്നു. പെട്ടെന്ന് തന്നെ കൂടെ ഉണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. തുടർന്ന് ചിന്നക്കട വരെ ബസിൽ യാത്ര ചെയ്ത് മന്ത്രി മടങ്ങുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്നതടക്കം പരിശോധിച്ച് വരുന്നു.
തലയില്‍ പാസയം വീണ ഉടനെ ആരാണ് ചെയ്തത് എന്നു ചോദിച്ചു കൊണ്ടു മന്ത്രി എണീറ്റെങ്കിലും ചുറ്റും തിങ്ങി നിന്നവര്‍ പരസ്പരം നോക്കുകയാണ് ചെയ്തത്. പിന്നീട് മന്ത്രി തല വൃത്തിയാക്കിയാണ് ഇവിടെ നിന്നു പോയത്. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടിസി കോംപ്ലക്‌സില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ വിവിധ ജില്ലകളില്‍ മന്ത്രിമാരും എം എല്‍ എമാരും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കാളിയായിരുന്നു.