ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി. പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷാ ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) രാജ്യവ്യാപകമായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ആകെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
മേയ് മാസത്തില്‍ നടന്ന ആദ്യ പരീക്ഷ ചോദ്യക്കടലാസ് ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്ന സാഹചര്യത്തില്‍ ഇത്തവണ എല്ലാ കേന്ദ്രങ്ങളിലും അതീവ ജാഗ്രതയാണ് സ്വീകരിച്ചിരിക്കുന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ശനിയാഴ്ച രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ സംഘടിപ്പിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
95,000-ത്തിലധികം പരീക്ഷാ മുറികളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. ഓരോ മുറിയിലും സി.സി.ടി.വി. നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും ദേശീയ, സംസ്ഥാന തലങ്ങളിലെ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയവും പരീക്ഷാ നടപടികള്‍ നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എ.ഐ. അധിഷ്ഠിത സാങ്കേതിക സംവിധാനങ്ങളും നിരീക്ഷണത്തിനായി ഉപയോഗിക്കും.
ഓരോ പരീക്ഷാ കേന്ദ്രത്തിലും 40 മുതല്‍ 50 വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്താകെ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.
ഉച്ചയ്‌ക്ക് 2 മണി മുതല്‍ 5.15 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷാര്‍ഥികള്‍ക്ക് രാവിലെ 11.30 മുതല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കാം. എന്നാല്‍ ഉച്ചയ്‌ക്ക് 1.30ന് ശേഷം എത്തുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് എന്‍.ടി.എ. വീണ്ടും വ്യക്തമാക്കി.